കാസർഗോഡ്: വീടുകളിലേക്കും ഓഫീസുകളിലേക്കും തനതായ നാടന്‍ രുചികളോടെ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി നൽകാൻ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തെരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡറുകൾ നല്‍കാം. ആകെ ഇരുപതോളം വിഭവങ്ങളാണ് സദ്യയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ അടങ്ങിയ പ്രീമിയം സദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. അട പ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസങ്ങൾ പ്രത്യേകം ലഭ്യമാകും. അര ലിറ്റര്‍ മുതല്‍ പായസം ഓര്‍ഡര്‍ ചെയ്യാം.
മിനിമം അഞ്ച് സദ്യയെങ്കിലും ബുക്ക് ചെയ്യണമെന്നാണ് നിബന്ധന. കുടുംബശ്രീ സിഡിഎസുകളും കോള്‍ സെന്ററുകളും മുഖേനയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. ഓർഡർ നൽകുന്നവരുടെ തൊട്ടടുത്ത സ്ഥലത്തുള്ള കുടുംബശ്രീ സംരംഭകര്‍ക്ക് ഈ ഓര്‍ഡര്‍ കൈമാറും. ഇവരില്‍ നിന്ന് നേരിട്ട് വിഭവങ്ങൾ വാങ്ങാവുന്നതാണ്.